വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
ഡോ. ടി. അനിതകുമാരി, റീഡര്‍, മലയാള വിഭാഗം, എസ്.എന്‍.കോളേജ്, കൊല്ലം ചങ്ങമ്പുഴക്കവിതയുടെ കാല്‍പനിക ധാരാളിത്തത്തെ യുക്തിപൂര്‍വം മറികടന്ന്, യാഥാര്‍ഥ്യത്തിന്റെ കന്നിവയലില്‍ വിളവൊരുക്കിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. പന്ത്രണ്ട് കാവ്യസമാഹാരങ്ങളിലായി ഇരുന്നൂറിലേറെക്കവിതകളും 'കുടിയൊഴിക്കല്‍' എന്ന നാടകീയ ഭാവകാവ്യവും മരണാനന്തരം സമാഹരിച്ച എണ്‍പതിലേറെ കവിതകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ രചനാലോകത്തെ പ്രൊഫ. എം. എന്‍. വിജയന്‍, ഡോ. എം. ലീലാവതി, ഡോ.എസ്.രാജശേഖരന്‍ എന്നിവരൊക്കെ വ്യത്യസ്‌തതലങ്ങളില്‍ സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. 'മലയാള കവിതയുടെ യുഗപരിവര്‍ത്തനത്തിനു ഹരിശ്രീകുറിച്ച കവിനാദങ്ങളില്‍ ശ്രീ തന്നെയെന്ന് ' എം.ലീലാവതിയും(1) 'കാച്ചിക്കുറുക്കിയ കവിതയെന്ന് ' എം.എന്‍.വിജയനും(2) 'മലയാളകവിതയ്‌ക്ക് അതിന്റെ വിഭിന്നഘട്ടങ്ങളില്‍ കരുത്തും ചൈതന്യവും ഉത്ഥാപകത്വവും പകര്‍ന്ന മൂന്നു കവികളത്രേ എഴുത്തച്‌ഛനും ആശാനും വൈലോപ്പിള്ളിയും. മലയാളത്തിലെ കവിത്രയസങ്കല്പം ഇവരെ സംബന്ധിച്ചാണ് വേണ്ടതെന്ന് എസ്.രാജശേഖരനും(3) അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിക്കവിതയുടെ ചരിത്രപരമായ പ...